ശാസ്ത്രലോകത്തേക്ക് ഒരു പരൽ മത്സ്യം കൂടി
Friday, October 30, 2020 12:20 AM IST
പത്തനംതിട്ട: ഭക്ഷ്യയോഗ്യമായ ജലമത്സ്യം പരലിന്റെ ഗണത്തിലേക്ക് ഒരു അതിഥി കൂടി. പൂണ്ടിയസ് ഓസല്ലൂസ് എന്നു നാമകരണം ചെയ്യപ്പെട്ട മത്സ്യത്തെ ശേഖരിച്ചിരിക്കുന്നത് കാസർഗോഡിലെ ഒരു അരുവിയിൽ നിന്നാണ്. പുതിയ മത്സ്യത്തിന്റെ കണ്ടെത്തൽ പ്രതിപാദിക്കുന്ന ശാസ്ത്രലേഖനം ഈജിപ്ഷ്യൻ അക്കാഡമിക് ജേർണലിന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
ഉരുളൻ പരലുകളുടെ വർഗത്തിൽപെടുത്താവുന്ന മത്സ്യത്തിന് ഉയരം കുറഞ്ഞ് നീണ്ടതും ഉരുണ്ടതുമായ ശരീരഘടനയാണ്. നിലവിൽ കാസർഗോഡ് അരുവികളിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.
പുതിയ മത്സ്യത്തെ കണ്ടെത്തുകയും ശാസ്ത്രലേഖനം എഴുതുകയും ശാസ്ത്രീയനാമം നൽകുകയു ചെയ്തത് കൊല്ലം ചവറ ഗവണ്മെന്റ് കോളജ് സുവോളജി വിഭാഗം മേധാവി മാവേലിക്കര തടത്തിൽ സ്വദേശി ഡോ.മാത്യൂസ് പ്ലാമൂട്ടിലും കാസർഗോഡ് ചുള്ളി സ്വദേശിയും ചവറ കോളജ് ജൂണിയർ റിസർച്ച് ഫെലോയുമായ വിനീത് കുന്നത്തും ചേർന്നാണ്. മത്സ്യത്തിന്റെ ശാസ്ത്രനാമം ലാറ്റിൻ ഭാഷയിലെ ഒക്കലസ് എന്ന വാക്കിൽ നിന്നാണ് സ്വീകരിച്ചത്. ഇതിനു ചെറിയ കണ്ണ് എന്നാണർഥം. പുതിയ മത്സ്യത്തിന്റെ വാൽച്ചുവട്ടിലെ സ്വർണവലയമുള്ള കറുത്തപൊട്ടിനെ ഇതു സൂചിപ്പിക്കുന്നു.