ഗതാഗതവകുപ്പ് ഇനി വാങ്ങുക വൈദ്യുതി വാഹനങ്ങൾ മാത്രം
Friday, October 30, 2020 12:20 AM IST
കോഴിക്കോട്: സംസ്ഥാന ഗതാഗത വകുപ്പ് ഇനി മുതൽ വാങ്ങിക്കുന്ന എല്ലാ വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയായിരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ.
കേരള സർക്കാർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് സംസ്ഥാനത്ത് വിവിധ സാമൂഹികസംഘടനകളിലൂടെ നടപ്പിലാക്കുന്ന ‘വായു മലിനീകരണം തടയാൻ നമുക്ക് ഒരുമിക്കാം’ കാന്പയിൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വായു മലിനീകരണത്തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി കിഫ് ബി പദ്ധതിയിലൂടെ സർക്കാർ ഇനി മുതൽ വാങ്ങുന്ന എല്ലാ വാഹനങ്ങളും വൈദ്യുതി, സിഎൻജി, എൽഎൻജി എന്നിവ ഉപയോഗിച്ച് ഓടുന്നവയായിരിക്കുമെന്ന് തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയും വരുംകാലത്ത് വായു മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വൈദ്യുതി, സിഎൻജി, എൽഎൻജി ഇന്ധനങ്ങളിലേക്ക് മാറുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.