മുഖ്യപ്രതി മുഖ്യമന്ത്രി തന്നെ: പ്രതിപക്ഷ നേതാവ്
Saturday, October 31, 2020 2:06 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് മുതൽ ഹവാലാ ഇടപാട് വരെയുള്ള കേസുകളിൽ മുഖ്യ പ്രതി മുഖ്യമന്ത്രി തന്നെയെന്നു പത്രസമ്മേളത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എല്ലാ കുറ്റങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
ജനങ്ങളെ പറ്റിക്കാനായി മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളം പറയുകയാണ്. ശിവശങ്കർ 21 തവണ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയിലുള്ളപ്പോഴാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വാധിപനായ ശിവശങ്കറിന്റെ കൈയിലായിരുന്നു കള്ളക്കടത്ത് സംഘത്തിന്റെ കടിഞ്ഞാണെന്ന് അന്വേഷണ സംഘം പറയുമ്പോള്‍ ആ ഉദ്യോഗസ്ഥന്റെ പ്രവൃത്തികളില്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും നിയമപരമായും ധാര്‍മികമായും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.