അഭയ കേസ്: കൊലപാതകം തെളിയിക്കാൻ സാക്ഷി മൊഴി ഇല്ലെന്നു പ്രതിഭാഗം
Tuesday, November 24, 2020 11:56 PM IST
തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്നു തെളിയിക്കാൻ ഒരു സാക്ഷി മൊഴി പോലും ഇല്ലെന്നു പ്രതിഭാഗം. അഭയ മരിച്ച് 16 വർഷത്തിനു ശേഷമാണ് സിബിഐ ശാസ്ത്രീയ പരിശോധന നടത്തി മൂന്നു പ്രതികളെ കണ്ടെത്തുന്നത്.
ഇതിൽ രണ്ടാം പ്രതിയെ കോടതി വെറുതേ വിട്ടു. കേസിലെ മൂന്നാം സാക്ഷി അടയ്ക്ക രാജുവിന്റെ മൊഴിയാണ് സിബിഐ ശക്തമായ മൊഴിയായി കാണുന്നത്. എന്നാൽ ലോക്കൽ പോലീസിനോടും ക്രൈംബ്രാഞ്ചിനോടും വ്യത്യസ്ത മൊഴികൾ പറഞ്ഞ ഒരു സാക്ഷിയുടെ മൊഴി അംഗീകരിക്കരുതെന്ന് സുപ്രീം കോടതി വിധികൾ വരെ ഉണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ആയിരത്തിൽ പരം പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജൻ സി. രാധാകൃഷ്ണൻ നൽകിയ റിപ്പോർട്ടിൽ അഭയയുടെ മരണം വെള്ളം കുടിച്ചുണ്ടായതാണ് എന്നായിരുന്നു. ഒരു സാക്ഷിയെ പോലും സിബിഐക്ക് കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലായെന്ന് പ്രതിഭാഗം വാദിച്ചു. വാദം ഇന്നും തുടരും.