അതിശക്തമായ മഴയ്ക്കു സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Sunday, November 29, 2020 12:48 AM IST
തിരുവനന്തപുരം: കേരളത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദത്തിന്റെ സ്വാധീനമാണ് കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകുക. കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ മേഖല അടുത്ത 48 മണിക്കൂറിൽ ന്യുനമർദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ബുധനാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.