ആരോഗ്യവകുപ്പിൽ 4000 തസ്തിക സൃഷ്ടിക്കും
Friday, January 15, 2021 11:59 PM IST
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ 2021- 2022 -ൽ 4000 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ മുൻഗണന മെഡിക്കൽ കോളജുകൾക്കായിരിക്കും. കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ് മെഡിക്കൽ കോളജുകളിൽ കൂടുതൽ സ്പെഷാലിറ്റി സർവീസ് അനുവദിക്കും.
പാരിപ്പള്ളി, മഞ്ചേരി മെഡിക്കൽ കോളജുകളിൽ നഴ്സിംഗ് കോളജുകൾ ആരംഭിക്കും. മെഡിക്കൽ കോളജുകൾക്ക് 420 കോടിയും ദന്തൽ കോളജുകൾക്ക് 20 കോടിയും അനുവദിക്കും.
റീജിയണൽ കാൻസർ സെന്ററിന് 71 കോടി അനുവദിക്കും. ഇതിൽ 30 കോടി കാൻസർ പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനാണ്. മലബാർ കാൻസർ സെന്ററിന് 25 കോടി രൂപ അനുവദിക്കും. കൊച്ചി കാൻസർ സെന്റർ അടുത്തവർഷം പൂർത്തിയാക്കും.
221 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾകൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. റോഡ് അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയിൽ ഡാറ്റാ ബേസിൽ ഉൾപ്പെടാതെപോയവരെകൂടി ഉൾപ്പെടുത്തും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളല്ലാത്ത കുടുംബങ്ങൾക്കായി കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി തുടരും.
ആയൂർവേദ മേഖലയ്ക്ക് 78 കോടി രൂപ അനുവദിക്കും. ഇതിൽ 30 കോടി രൂപ ആശുപത്രി നവീകരണത്തിനും 43 കോടി രൂപ ആയൂർവേദ കോളജുകൾക്കുമാണ്. ഹോമിയോപ്പതിക്ക് 72 കോടി രൂപ അനുവദിക്കും.