റിപ്പബ്ലിക് ദിന പരേഡില്‍ അതിഥികളായി കണ്ണൂരില്‍നിന്നുള്ള ദമ്പതികള്‍
Wednesday, January 20, 2021 1:00 AM IST
aതിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പരേഡില്‍ അതിഥികളായി പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നും പങ്കെടുക്കുന്നത് കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍.
കണ്ണൂര്‍ ഇരിട്ടിയിലെ വള്ളിയാട് കോളനിയിലെ അജിത് -രമ്യ ദമ്പതികളാണ് നാടിന്റെ അഭിമാനമായി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങുന്നത്. പണിയ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍.
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഇവരുടെ യാത്ര. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര പട്ടിക വര്‍ഗ വികസന മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താനും പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കാനും ഈ ദമ്പതികള്‍ക്ക് അവസരം ലഭിക്കും. ജനുവരി 21 മുതല്‍ ഫെബ്രുവരി രണ്ടു വരെ വിവിധ പരിപാടികളില്‍ ഇവര്‍ പങ്കെടുക്കും. പാര്‍ലമെന്റ് മന്ദിരം, രാഷ്ട്രപതി ഭവന്, തീന്‍മൂര്‍ത്തി ഭവന് തുടങ്ങി വിവിധ ഇടങ്ങള്‍ സന്ദര്‍ശിക്കാനും ഇവര്‍ക്ക് അവസരമുണ്ട്.
എല്ലാം വര്‍ഷവും പട്ടികവര്‍ഗ വിഭാഗത്തിലെ ദമ്പതികള്‍ക്ക് റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കാറുണ്ട്. ഒരു നോഡല്‍ ഓഫീസര്‍ ഇവരെ അനുഗമിക്കും. മുഴുവന്‍ യാത്രാചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.