ജെഡിഎസ് കർണാടകയിൽ ബിജെപിയുമായി ധാരണയുണ്ടാക്കില്ല
Friday, January 22, 2021 1:44 AM IST
തിരുവനന്തപുരം: കർണാടകയിൽ ബിജെപിയുമായി ജനതാദൾ- സെക്കുലർ (ജെഡിഎസ്) ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നെന്ന പ്രചാരണം വ്യാജമായി ചില കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതാണെന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ഇത്തരമൊരു രാഷ്ട്രീയബന്ധത്തിനും ജെഡിഎസ് ഒരുക്കമല്ലെന്ന് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയും കർണാടക മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി വിരുദ്ധ കോണ്ഗ്രസ് ഇതര രാഷ്ട്രീയത്തിലെ ജനതപാർട്ടികൾ ഒന്നിക്കണമെന്ന ദേശീയ പ്ലീനത്തിലെ രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി വെള്ളം ചേർക്കില്ലെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞു.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അടുത്തമാസം രണ്ടിന് സംസ്ഥാന നേതാക്കളുടെ കൂട്ട ഉപവാസം എറണാകുളത്ത് നടത്തും. തെരഞ്ഞെടുപ്പിന് ഒരുങ്ങാനായി ജില്ലാ-ബ്ലോക്ക് കമ്മിറ്റികൾ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
മന്ത്രി കെ.കൃഷ്ണൻ കുട്ടി, മുൻ സംസ്ഥാന സി.കെ.നാണുഎംഎൽഎ, ദേശീയ ജനറൽ സെക്രട്ടറി എ. നീലലോഹിതദാസൻ നാടാർ, ജമീല പ്രകാശം, ജോസ് തെറ്റയിൽ തുടങ്ങിയവരും ജില്ലാപ്രസിഡന്റുമാരും കേരളത്തിൽ നിന്നുള്ള ദേശീയ സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.