കൂടുതൽ പിഎസ്സി പരീക്ഷകൾ മലയാളത്തിൽ നടത്താം: മുഖ്യമന്ത്രി
Saturday, January 23, 2021 1:03 AM IST
തിരുവനന്തപുരം: ഇംഗ്ലീഷിലെ സാങ്കേതിക പദങ്ങൾക്കു തുല്യമായ മലയാള പദാവലി തയാറാക്കുന്ന മുറയ്ക്കു കൂടുതൽ പിഎസ്സി പരീക്ഷകൾ മലയാളത്തിൽ നടത്താൻ കഴിയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സാങ്കേതിക പരിജ്ഞാനം വേണ്ട തസ്തികകൾക്ക് ഇംഗ്ലീഷിലാണു ചോദ്യങ്ങൾ തയാറാക്കി വരുന്നത്. സാങ്കേതിക വിഷയങ്ങളുടെ പഠനമാധ്യമം ഇംഗ്ലീഷായതിനാൽ മലയാളത്തിൽ ചോദ്യം തയാറാക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇതു പരിഹരിക്കുന്നതിനു സർവകലാശാലാ വൈസ് ചാൻസലർമാരോ അവർ നിർദേശിക്കുന്ന സ്ഥിരം പ്രതിനിധികളോ അംഗങ്ങളായും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കണ്വീനറായും ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നു നിയമസഭയിൽ ആർ. രാമചന്ദ്രന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
കെഎഎസ് പരീക്ഷയിൽ ചോദ്യക്കടലാസ് ഇംഗ്ലീഷിലാണെങ്കിലും മലയാളത്തിലും ഉത്തരമെഴുതാം. ഇതോടൊപ്പം 30 മാർക്കിന്റെ ചോദ്യം മലയാളത്തിൽ തന്നെ ഉത്തരമെഴുതേണ്ടതാണ്. ഡിഗ്രി തലത്തിലുള്ള എല്ലാ പൊതുപരീക്ഷകളിലും 15% ചോദ്യം മലയാളത്തിൽ മാത്രമുള്ളതും അതിൽ മാത്രം ഉത്തരമെഴുതേണ്ടതുമാണ്.
ഉദ്യോഗാർഥികളിൽ 90% പേരും എഴുതുന്ന പരീക്ഷകൾ മുഴുവൻ മലയാളത്തിൽ ചോദ്യവും ഉത്തരവുമെന്ന സ്ഥിതിയായിട്ടുണ്ട്. സംസ്ഥാനത്തു ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരുന്നു. കേന്ദ്ര സർക്കാർ, വിദേശരാജ്യങ്ങൾ എന്നിവയുമായുള്ള കത്തിടപാടുകൾ, നിയമപ്രകാരം ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ എന്നിവയ്ക്ക് ഒഴികെ മറ്റെല്ലാം മലയാളമായിരിക്കണമെന്ന് എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർ മലയാളം കൈകാര്യം ചെയ്യാൻ പ്രാപ്തരാണെന്ന് ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ അഖിലേന്ത്യാ സർവീസുകളിൽ ഉള്ളവർക്കു മലയാള പരിജ്ഞാനം ഉറപ്പുവരുത്തുന്ന വകുപ്പുതല പരീക്ഷകളും ഇന്റർവ്യൂകളും പിഎസ്സി നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.