ആൾക്കൂട്ടം മർദിച്ചു കൊന്നു
Sunday, January 24, 2021 12:55 AM IST
കാസർഗോഡ്: യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പട്ടാപ്പകൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മധ്യവയസ്കൻ മരിച്ചു. ചെമ്മനാട് സ്വദേശി മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ കറന്തക്കാട് അശ്വിനി നഗറിലെ കിംസ്-അരമന ആശുപത്രിക്കു സമീപത്താണ് റഫീഖിനു മർദനമേറ്റത്. ആശുപത്രിക്കകത്തുവച്ച് കുമ്പള സ്വദേശിനിയായ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയും അശ്ലീലപ്രദർശനം നടത്തുകയും ചെയ്തതായാണ് ആരോപണം.
യുവതി ഇതു ചോദ്യംചെയ്തപ്പോൾ റഫീഖ് ആശുപത്രിയിൽനിന്ന് ഇറങ്ങിയോടി. യുവതി പിന്നാലെ ഓടി. ഇതിനിടെ ഓടിക്കൂടിയ നാട്ടുകാർ റഫീഖിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.