സിബിഐ അന്വേഷണം തടയുന്നതിന് മുടക്കിയ കോടികള്‍ സിപിഎം തിരിച്ചടയ്ക്കണം: ഷാഫി പറമ്പില്‍
Tuesday, January 26, 2021 12:42 AM IST
തിരുവനന്തപുരം:സോളാര്‍ കേസ് സിബിഐക്കു വിട്ടതിലൂടെ സിബിഐയിലുള്ള സര്‍ക്കാരിന്റെ വിശ്വാസം തിരിച്ചുകിട്ടിയെങ്കില്‍ ഇതുവരെ അവരുടെ അന്വേഷണം മുടക്കാനായി പൊതുഖജനാവില്‍ നിന്ന് മുടക്കിയ കോടികള്‍ സിപിഎം തിരിച്ചടയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.
ലൈഫ് മിഷനിലടക്കം സിബിഐ അന്വേഷണം തടയുന്നതിന് പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കിയാണ് സര്‍ക്കാര്‍ കോടതിയില്‍ പൊരുതുന്നത്. ശരത്ലാല്, കൃപേഷ്, ഷുഹൈബ്, അരിയില്‍ ഷുക്കൂര്‍ എന്നിവരുടെ കേസിലും സിബിഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മയുടെ കണ്ണീര് കാണാതിരിക്കുകയും നിയമനത്തട്ടിപ്പില്‍ പോലിസ് അന്വേഷിക്കുന്ന പ്രതിയുടെ കത്തില്‍ കനിവുകാട്ടി സോളാര്‍ കേസ് സിബിഐക്കു വിടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനലുകളുടെ ദൈവമായി മാറിയിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
പിന്‍വാതിലിലൂടെയുള്ള നിയമനത്തിന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസാണ് സോളാര്‍കേസിലെ പരാതിക്കാരിക്കെതിരേയുള്ളത്. ആ കേസിലെ കൂട്ടുപ്രതികള്‍ പിടിയിലായിട്ടും അവര്‍ അകത്തുപോകരുതെന്ന് മുഖ്യമന്ത്രി വാശി പിടിക്കുകയാണ്. പിണറായി വിജയന് അസാമാന്യ തൊലിക്കട്ടിയാണെന്നും അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ ലൈഫ് മിഷന് കേസ് ഉള്‍പ്പെടെ എല്ലാ കേസുകളും സി.ബി.ഐ അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.