കെ.എം. മാണി പൊതുപ്രവർത്തകർക്ക് പാഠശാല: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
Thursday, February 25, 2021 2:14 AM IST
പാലാ: തന്റേതായ ശൈലിയും ദർശനവും സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത കെ.എം. മാണി പൊതുപ്രവർത്തകർക്ക് പാഠശാലയാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അരനൂറ്റാണ്ടിലധികം പാലായെ നിയമസഭയിൽ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ പൂർണകായ പ്രതിമ പാലാ കൊട്ടാരമറ്റത്ത് അനാച്ഛാദനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ. വിനയം, സഹിഷ്ണത, മടുപ്പില്ലായ്മ, കേൾക്കുക എന്നീ പ്രധാന നാലു ഗുണങ്ങൾ അദ്ദേഹത്തിൽ വിളങ്ങിയിരുന്നതായും കേരളം കണ്ട അപൂർവ പ്രതിഭാസങ്ങളിലൊന്നാണു കെ.എം. മാണിയെന്നും സ്പീക്കർ പറഞ്ഞു.
യൂത്ത് ഫ്രണ്ടിന്റെയും കെ.എം. മാണി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് 8.50 അടി ഉയരമുള്ളതും 1000 കിലോ തൂക്കം വരുന്നതുമായ പ്രതിമ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിനുസമീപം സ്ഥാപിച്ചത്.
പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, മതചിന്തകൾക്ക് അതീതമായി എല്ലാവിഭാഗം ജനങ്ങളെയും സ്വീകരിക്കുകയും ഒരു നേതാവ് എങ്ങനെയായിരിക്കണമെന്നും പൊതുപ്രവർത്തകരുടെ സംസ്കാരം എന്തായിരിക്കണമെന്നും നമ്മെ പഠിപ്പിക്കുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു കെ.എം. മാണിയെന്ന് ബിഷപ് അനുസ്മരിച്ചു.
ജോസ് കെ. മാണി ആമുഖപ്രസംഗം നടത്തി. ഇവിടെ തല ഉയർത്തി നിൽക്കുന്നത് മാണിസാറിന്റെ രാഷ്ട്രീയത്തിന്റെ മൂല്യമാണെന്നും പാലായുടെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നന്പൂതിരി, റോഷി അഗ സ്റ്റിന് എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ്ചാൻസലർ. പ്രഫ. വി.ജെ. പാപ്പു, പാലാ നഗരസഭാധ്യക്ഷൻ ആന്റേ ജോസ് പടിഞ്ഞാറേക്കര, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻനായർ, എസ്എൻഡിപി പാലാ യൂണിറ്റ് പ്രസിഡന്റ് പി.ജി. അനിൽകുമാർ, യൂത്ത്ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് സാജൻ തൊടുക, പ്രതിമ നിർമാണ കമ്മിറ്റി ജനറൽ കണ്വീനർ ബിജു കുന്നേപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ മാണിയും ചടങ്ങിൽ പങ്കെടുത്തു.