അർണോസ് പാതിരിയുടെ പ്രതിമയ്ക്കായി രാഗമാലിക
Friday, February 26, 2021 12:05 AM IST
തൃശൂർ: ചുവപ്പു പരവതാനി വിരിച്ചിരുന്നെങ്കിലും ഇതു വേദിയല്ല. പക്ഷേ, തംബുരു മീട്ടി ഗാനമാലപിക്കുന്നത് എല്ലാവർക്കും സുപരിചിതനായ കർണാട്ടിക് സംഗീതജ്ഞൻ പാടുംപാതിരി എന്നപേരിലറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കലാണ്.
‘അമ്മകന്യാമണി തന്റെ നിർമല ദുഃഖങ്ങളിപ്പോൾ, നന്മയാലേ മനസുറ്റൂ കേട്ടുകൊണ്ടാലും, ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്, ഉൾക്കനെ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ...’
സഹാന രാഗത്തിലും ആദിതാളത്തിലും രാഗമാലിക ഒഴുകിയെത്തി. സംഗീത വിരുന്നായല്ല. പ്രതിഷേധമായാണെന്നുമാത്രം. അർണോസ് പാതിരിയുടെ വെങ്കലപ്രതിമ സ്ഥാപിക്കുമെന്ന സർക്കാർ ഉത്തരവ് 25 വർഷമായിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് തൃശൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായായിരുന്നു ഗാനാലാപനം.