വിജയയാത്രയുടെ സമാപനം ഇന്ന്
Sunday, March 7, 2021 12:49 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഇന്നു വൈകുന്നേരം 5.30-നു ശംഖുമുഖം കടപ്പുറത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രിയോടെ അമിത്ഷാ തിരുവനന്തപുരത്തെത്തി.
ഇന്നു വൈകുന്നേരം നാലിനു ഓൾസെയ്ന്റ്സിൽ നിന്ന് ബിജെപി പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ സ്വീകരിച്ച് ശംഖുംമുഖം കടപ്പുറത്ത് എത്തിക്കും. നാലിന് ശ്രീരാമകൃഷ്ണമഠത്തിൽ നടക്കുന്ന സന്യാസി സംഗമത്തിൽ പങ്കെടുത്തശേഷം അമിത്ഷാ 5.30-ന് വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.