രാജി ധാർമികതയുടെ പേരിലല്ല: യൂത്ത് കോണ്ഗ്രസ്
Wednesday, April 14, 2021 12:49 AM IST
തിരുവനന്തപുരം: ലോകായുക്തയുടെ പരാമർശം വന്നശേഷമുള്ള മന്ത്രി കെ.ടി. ജലീലിന്റെ രാജി ധാർമികതയുടെ പേരിലുള്ളതല്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നപ്പോഴാണ് രാജിയെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ.
അല്പ്പമെങ്കിലും ധാർമികത ഉണ്ടായിരുന്നുവെങ്കിൽ ഈ വിവാദങ്ങൾ ഉണ്ടായ സമയത്തോ അല്ലെങ്കിൽ ആരോപണത്തിന് അടിസ്ഥാനമായ അനധികൃതമായി ജോലിയിൽ പ്രവേശിച്ച വ്യക്തി രാജിവച്ച സമയത്തോ മന്ത്രി രാജിക്ക് തയാറാകണമായിരുന്നു. അവസാന വഴിയും തേടി ഹൈക്കോടതിയെ വരെ സമീപിച്ചിട്ടും മറിച്ചൊരു നിരീക്ഷണം ഉണ്ടാകില്ലെന്ന വസ്തുത മനസിലാക്കിയപ്പോഴാണ് രാജിക്ക് തയാറായത്. തുടക്കം മുതലേ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരുന്നത്. ഇതേ മന്ത്രിസഭയിൽ മുന്പ് രാജിവച്ച മന്ത്രിമാർക്കൊന്നും നൽകാത്ത പരിഗണന മുഖ്യമന്ത്രി കെ.ടി. ജലീലിന് മാത്രം നൽകിയത് ഇത്തരം പ്രവർത്തനങ്ങളിലെ മുഖ്യമന്ത്രിയുടെ പങ്കിൽ സംശയം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.