പ്രതികൂല സാഹചര്യത്തിലും മുസ്ലിം ലീഗിന്റെ വിജയം അഭിമാനകരം: ഹൈദരലി തങ്ങൾ
Friday, May 7, 2021 1:25 AM IST
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്കു തിരിച്ചടി നേരിട്ട സാഹചര്യത്തിലും മുസ്ലിം ലീഗ് അതിന്റെ കോട്ടകൾ ഭദ്രമായി നിലനിർത്തിയത് അഭിമാനകരമാണെന്നു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. മലപ്പുറത്തു ചേർന്ന ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന്റെ പാർലമെന്ററി പാർട്ടി ഭാരവാഹികളെയും തങ്ങൾ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ വലിയ തോൽവിയാണ് യുഡിഎഫിനുണ്ടായത്. പരാജയത്തെ മുസ്ലിംലീഗ് ഗൗരവമായി കാണുന്നതിനൊപ്പം ഇതു സംബന്ധിച്ച് ഉള്ളു തുറന്നു ആത്മപരിശോധന നടത്തും. പരാജയകാരണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് യുഡിഎഫ് സംവിധാനം കൂടുതൽ ഭദ്രമാക്കും. തിരുത്തൽ വേണ്ടിടത്ത് തിരുത്തി മുന്നണിയെ കൂടുതൽ ഊർജസ്വലമായി മുന്നോട്ടു കൊണ്ടുപോകും. മുസ്ലിംലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്താൻ വിദഗ്ധ അന്വേഷണ സമിതിയെ നിയോഗിക്കുമെന്നും തങ്ങൾ പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിംലീഗിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ ചില ഭാഗത്തു നിന്നു നടക്കുന്നതായി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വസ്തുതകൾ ക്രിയാത്മകമായി കാണാതെയാണ് സമൂഹ മാധ്യമങ്ങളിലും മറ്റും അതിശയോക്തിപരമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധിയിലും ഉലയാതെ പിടിച്ചു നിൽക്കാനായി എന്നതാണ് സത്യം.
മലപ്പുറം ജില്ലയിൽ ഏഴു മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും കാസർഗോഡ് ജില്ലയിലെ കാസർഗോഡ്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം വർധിപ്പിക്കാൻ പാർട്ടിക്കായി. പരാജയപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുത്താൽ നേരിയ വോട്ടിനാണു മണ്ഡലങ്ങൾ നഷ്ടമായത്. സ്ഥിതി ഇങ്ങനെയാണെന്നിരിക്കെ ചില നേതാക്കളെയും പാർട്ടിയെയും ഒറ്റയ്ക്കിട്ട് ആക്രമിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യ പ്രസ്ഥാനമെന്ന നിലയിൽ വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയറാണ്. എന്നാൽ വിമർശിക്കുന്നവർ കാര്യങ്ങളെ കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ കേരളത്തിൽനിന്നു തുരത്തിയതിൽ വിലപ്പെട്ട സംഭാവന നൽകാൻ പാർട്ടിക്കായി. മഞ്ചേശ്വരത്തും പാലക്കാടുമാണ് ഏറ്റവും വലിയ പോരാട്ടം നടന്നത്. മഞ്ചേശ്വരത്ത് ബിജെപി വിജയം ഉറപ്പിച്ചതാണ്. അവിടെയാണ് മുസ്ലിംലീഗ് സ്ഥാനാർഥി വിജയക്കൊടി നാട്ടിയത്. ബിജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കൾക്കു പഞ്ചായത്ത് തലത്തിൽ ചുമതല നൽകിയാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ചിരുന്നത്. എന്നാൽ അവർക്കു ജയിച്ചു കയറാനായില്ല എന്നു മാത്രമല്ല 2016 തെരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് ഇവിടെ വിജയിച്ചു. ഈ വലിയ വിജയത്തിനിടയിലും സിപിഎമ്മിനു പല മണ്ഡലങ്ങളിലും ശക്തമായ തിരിച്ചടിയുണ്ടായി. മലപ്പുറത്തെ നാലുമണ്ഡലങ്ങൾ ഇതിനുദാഹരണമാണ്. സംസ്ഥാന തലത്തിൽ ബിജെപിയുടെ വോട്ടുകളിൽ നല്ലൊരു ശതമാനം സിപിഎമ്മിനു പോയി. എന്നാൽ ഇതിനെ മറച്ചു പിടിക്കാനുള്ള ശ്രമങ്ങളാണു സിപിഎം ക്യാന്പുകളിൽ നടക്കുന്നതെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
ഉന്നതാധികാര സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി.വി. അബ്ദുൾ വഹാബ് എംപി, കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പി. അബ്ദുസമദ് സമദാനി, എം.കെ. മുനീർ, വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവർ മലപ്പുറം ലീഗ് ഓഫീസിലും ഓണ്ലൈനിലുമായി പങ്കെടുത്തു.