ഇന്ധനവില വര്‍ധനയ്ക്കെതിരേ നിയമസഭ പ്രമേയം പാസാക്കണം: കെസിഎഫ്
Monday, June 14, 2021 12:40 AM IST
പത്തനംതിട്ട: അതിഭീകരവും ആശാസ്ത്രീയവുമായി ഭാരതജനതയുടെ മൗലീക അവകാശങ്ങളെ വെല്ലുവിളിച്ച് എല്ലാ ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു കൊണ്ട് പെട്രോളിയം കമ്പനികള്‍ നടത്തുന്ന കൊള്ളയടി കണ്ടില്ലെന്നു നടിക്കുന്ന പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കേരള കാത്തലിക് ഫെഡറേഷന്.
പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന കൊള്ളരീതി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും അവസാനിപ്പിക്കണം. രാജ്യത്ത് കോവിഡിന്റെ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അതിനിടയില്‍ ഇന്ധനവിലയിലൂടെ ജനങ്ങള്‍ക്ക് താങ്ങാനാവാത്ത ഭാരം അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണ്. ഈ കഴിഞ്ഞകോവിഡ് കാലത്തു പോലും കേന്ദ്ര സര്‍ക്കാരിന് നികുതി ഇനത്തില്‍ ലഭിച്ചത് 3.5 ലക്ഷം കോടി രൂപയാണ്. ഇതു പോലെ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടിക്കണക്കിന് രൂപ നികുതി ഇനത്തില്‍ ലഭിച്ചിട്ടുണ്ട്. ഇന്ധനവില വര്‍ധനയ്ക്കെതിരേ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കണമെന്ന് കെസിഎഫ് പ്രസിഡന്റ് പി.കെ. ജോസഫ്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, ട്രഷറര്‍ ജസ്റ്റിന് കരിപ്പാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.