തിരുവനന്തപുരത്തും തൃശൂരിലും ശരാശരി കോവിഡ് കേസുകൾ ഉയരും
Wednesday, June 16, 2021 2:04 AM IST
തിരുവനന്തപുരം: നിലവിലെ രോഗവ്യാപനത്തോത് അനുസരിച്ച് അടുത്ത ആഴ്ച തിരുവനന്തപുരം ജില്ലയിൽ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർധന ഉണ്ടാകുമെന്നു കരുതുന്നു. തൃശൂരിൽ ഒരു ശതമാനം വർധന ഉണ്ടാകും. മറ്റു ജില്ലകളിലെല്ലാം കേസുകളുടെ എണ്ണം കുറയുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തു മൊത്തത്തിൽ ഒരു ദിവസത്തെ ശരാശരി കേസുകളുടെ എണ്ണത്തിൽ അടുത്ത ആഴ്ച 16 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ മാസം 20ന് 1.2 ലക്ഷവും 27 ആകുന്പോൾ 95,000വും ആയി ആക്ടീവ് കേസുകളുടെ എണ്ണം കുറയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണ്. തിരുവനന്തപുരം ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ടിപിആർ പതിനഞ്ചിൽ താഴെയെത്തി. ആലപ്പുഴ, കണ്ണൂർ, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ടിപിആർ 10 ശതമാനത്തിലും താഴെയായി.
മേയ് ആറിന് 42,464 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേയ് 15 ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.8 ശതമാനം ആയി ഉയർന്നിരുന്നു. പുതിയ കേസുകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറഞ്ഞ് ഇന്നലെ 12,246 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകൾ മേയ് പതിനഞ്ചിന് 4,45,334 ആയിരുന്നത് ഇന്നലെ 1,12,361 ആയി കുറഞ്ഞു.
ഐസിയു കിടക്കകളുടെ 63 ശതമാനം മാത്രമാണ് ഉപയോഗിക്കേണ്ടിവന്നത്. വെന്റിലേറ്ററുകളിൽ 32 ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് രോഗം നിയന്ത്രണ വിധേയമായി കഴിഞ്ഞിട്ടുണ്ട്. ഈ രോഗചികിത്സയ്ക്കാവശ്യമായ മരുന്നു ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.