യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ
Wednesday, June 23, 2021 12:48 AM IST
വിഴിഞ്ഞം: യുവതിയെ വാടക വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ ചിറത്തലവിളാകം വീട്ടിൽ അശോകന്റെയും മോളിയുടെയും ഏക മകൾ അർച്ചന (24) യെയാണ് തിങ്കളാഴ്ച രാത്രി 11.15 ഓടെ കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ കുഴിവിളക്കു സമീപം പുലിവിളയിലെ വാടകവീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയം ഭർത്താവ് താൻ കുടുംബ വീടായ സിസിലിപുരത്തിനടുത്തുള്ള കട്ടച്ചൽ കുഴിയിലെ സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നതായി ഭർത്താവ് സുരേഷ് കുമാർ പോലീസിന് മൊഴി നൽകി. രാത്രിയിൽ തീപ്പൊള്ളലേറ്റ് നിലവിളിക്കുന്ന അർച്ചനയെ സമീപവാസികളാണ് കണ്ടത്. തുടർന്ന് വിവരം വിഴിഞ്ഞം പോലീസിനെ അറിയിക്കുകയായിരുന്നു.
വെൽഡിംഗ് തൊഴിലാളിയായ സുരേഷ് കുമാർ ഒരു വർഷം മുമ്പാണ് അർച്ചനയെ പ്രണയിച്ച് തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. ഇവർക്കു കുട്ടികളില്ല. വർക്കലയിൽനിന്നു നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം അർച്ചന ജോലിക്കായി പല ആശുപത്രിയിലും അപേക്ഷ നൽകിയെങ്കിലും ഭർത്താവിന് ഇഷ്ടമില്ലാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു. വിവാഹത്തിനുശേഷം കുടുംബ വീട്ടിലെ ഷെയർ ആയി മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് സുരേഷിന്റെ വീട്ടുകാർ വെങ്ങാനൂരിലെ അർച്ചനയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ നിർധനരായ കുടുംബത്തിന് പണം നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇരുവരും വാടക വീട്ടിലേക്ക് താമസം മാറിയത്.