നീതിയുടെ വെളിച്ചം കാത്ത് ഹാനി ബാബു
Tuesday, July 6, 2021 1:12 AM IST
കൊച്ചി: ഫാ. സ്റ്റാന്‍ സ്വാമിക്കൊപ്പം ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട മലയാളി പ്രഫസറും നീതിയുടെ വെളിച്ചത്തിനായി കാത്തിരിക്കുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും തൃശൂര്‍ സ്വദേശിയുമായ ഹാനി ബാബു കേസില്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനിടെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നു ചികിത്സയിലാണ്.
ഭീമാ കൊറേഗാവ് എല്‍ഗാര്‍ പരിഷദ് കേസില്‍ ബന്ധം സംശയിച്ചു 2020 ജൂലൈ 28നാണു ഹാനി അറസ്റ്റിലായത്. എന്‍ഐഎ മുംബൈയിലേക്കു വിളിച്ചുവരുത്തി അഞ്ചു ദിവസത്തോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു യുഎപിഎ ചുമത്തി അറസ്റ്റ്. 2019 സെപ്റ്റംബറിലും അറസ്റ്റിനുശേഷം 2020 ഓഗസ്റ്റിലും ഹാനി ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പുസ്തകങ്ങളും രേഖകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമെല്ലാം എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
ഒമ്പതു മാസം മറ്റു വിചാരണ തടവുകാര്‍ക്കൊപ്പം മുംബൈയിലെ ജയിലി ല്‍ കഴിഞ്ഞ ഹാനി ബാബുവിനു മേയില്‍ കോവിഡ് ബാധിച്ചു. തുടര്‍ന്ന് അദ്ദേഹത്തിനു വൈദ്യസഹായം തേടി ഭാര്യ ജെന്നി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. സ്വന്തം ചെലവില്‍ ചികിത്സ നടത്താനായിരുന്നു കോടതി ഉത്തരവ്. ബ്രീച്ച് കാന്‍ഡ് ആശുപത്രിയിലായിരുന്നു ചികിത്സ. അനുമതിയില്ലാതെ ഹാനി ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
അംബേദ്കര്‍ ദര്‍ശനങ്ങളുടെ പ്രചാരകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഹാനി ബാബു അറിയപ്പെടുന്ന ഭാഷാപണ്ഡിതന്‍ കൂടിയാണ്. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റിയില്‍നിന്നും ജര്‍മനിയിലെ കോണ്‍സ്റ്റാന്‍സ് യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഒബിസി സംവരണത്തിനായും പട്ടികജാതി, വര്ഗവിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കുന്നതിനായും സമരങ്ങള്‍ നയിച്ചു.
സിജോ പൈനാടത്ത്