കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി
Friday, July 23, 2021 12:13 AM IST
ആലപ്പുഴ: കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ നാടകീയമായി മുങ്ങി. ജാമ്യം കിട്ടുമെന്ന ധാരണയിലാണ് സെസി സേവ്യർ കോടതിയിലെത്തിയത്.
എന്നാൽ, കോടതിയിൽ എത്തിയതോടെയാണ് തനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ വിവരം സെസി മനസിലാക്കിയത്. ഇതോടെ അവർ കോടതിയിൽ നിന്നും മുങ്ങുകയായിരുന്നു.
രാവിലെ പതിനൊന്നരയോടെയാണ് ആലപ്പുഴ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ എത്തിയത്. 417, 419 വകുപ്പുകൾ മാത്രമാണ് നേരത്തെ പോലീസ് സെസിക്കെതിരേ ചുമത്തിയിരുന്നത്. ഇന്നലെ മുൻകൂർ ജാമ്യമെടുക്കാനായി അഭിഭാഷകരുമായി സെസി എത്തിയതോടെ പ്രോസിക്യൂട്ടർ സെസി വ്യാജരേഖ ചമച്ചതായും ആൾമാറാട്ടം നടത്തിയതായും കോടതിയെ അറിയിച്ചു.
തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് സെസി സേവ്യർ മുങ്ങുകയായിരുന്നു. കോടതിയുടെ പിറകുവശത്തെ വാതിൽ വഴി കാറിൽ കയറിപ്പോകുകയായിരുന്നെന്ന് പറയുന്നു.
മതിയായ യോഗ്യത ഇല്ലാതെയാണ് സെസി രണ്ടരവർഷം കോടതിയിൽ അഭിഭാഷക പ്രാക്ടീസ് നടത്തിയത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു.
യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരേ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്.
2018ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടര വർഷമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതിനടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിരുന്നു. സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല.
ഇവർ നൽകിയ റോൾ നന്പറിൽ ഇങ്ങനെയൊരു പേരുകാരി ബാർ കൗണ്സിലിന്റെ പട്ടികയിൽ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ നന്പർ കാണിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തിരുന്നത്. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ ബാർ അസോസിയേഷനിൽനിന്ന് സെസിയെ പുറത്താക്കി.