സഭയുടെത് ഉറച്ച നിലപാടുകളും പ്രഖ്യാപനങ്ങളും: വി.സി. സെബാസ്റ്റ്യൻ
Wednesday, July 28, 2021 11:51 PM IST
കോട്ടയം: സഭാപരമായ വിഷയങ്ങളിൽ കത്തോലിക്കാസഭയുടെ നിലപാടുകളെയും പ്രഖ്യാപനങ്ങളെയും വെല്ലുവിളിക്കുന്നവർ ചരിത്രം പഠിക്കാത്തവരും സംവിധാനങ്ങളെക്കുറിച്ചു ബോധ്യമില്ലാത്തവരുമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ.
കത്തോലിക്കാ സഭയുടെ കുടുംബവർഷാചരണത്തിന്റെ ഭാഗമായി ചില കുടുംബക്ഷേമ പദ്ധതികൾ സീറോ മലബാർ സഭയുടെ ഫാമിലി, ലൈഫ്, ലെയ്റ്റി കമ്മീഷൻ ചെയർമാനും പാല രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത് സ്വാഗതാർഹവും മാതൃകാപരവുമാണ്. ഇത്തരം പ്രഖ്യാപനങ്ങളും തുടർനടപടികളും സഭയുടെ കരുത്തും പ്രതീക്ഷയും ഭാവിയിലേക്കുള്ള കരുതലുമാണ്.
പ്രഖ്യാപിച്ച കുടുംബക്ഷേമപദ്ധതികളൊന്നും നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ മറ്റാരെയും ബാധിക്കുന്നതോ അല്ല. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം എല്ലാ കത്തോലിക്കാ രൂപതകളിലും വിവിധ കുടുംബക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നുതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നു വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.