സി.എഫ്. തോമസിന്റെ പേരിൽ ഫൗണ്ടേഷൻ; ഒന്നാം ചരമവാർഷിക ദിനത്തിൽ ഉദ്ഘാടനം
Monday, August 2, 2021 1:32 AM IST
ചങ്ങനാശേരി: നാലുപതിറ്റാണ്ട് നിയമസഭയിൽ ചങ്ങനാശേരിയെ പ്രതിനിധീകരിച്ച സി.എഫ്. തോമസിന്റെ പേരിൽ ഫൗണ്ടേ ഷൻ സ്ഥാപിതമാകുന്നു.അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികദിനമായ സെപ്റ്റംബർ 27ന് ഫൗണ്ടേഷന്റെ പ്രവർത്തനോദ്ഘാടനം നടത്തുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ സാജൻ ഫ്രാൻസിസ്, ഫാ.തോമസ് കോയിക്കര, ഫാ. ബിജു ചെന്നിക്കര എന്നിവർ അറിയിച്ചു.
സി.എഫ്. തോമസിന്റെ 82-ാം ജന്മദിനമായ ജൂലൈ 30ന് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉൾകൊള്ളിച്ചുകൊണ്ടാണ് ഫൗണ്ടേഷന് രൂപം നൽകിയത്. രാഷ്ട്രീയ നേതാവ്, പാർലമെന്റേറിയൻ, ഭരണാധികാരി, അധ്യാപകൻ എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തെ അർഹിക്കുന്ന വിധത്തിൽ ആദരിച്ചുകൊണ്ട് പുതുതലമുറയ്ക്ക് മാതൃകയാകും വിധമുള്ള പദ്ധതികളാണ് ഫൗണ്ടേഷൻ ആവിഷ്കരിച്ചിരിക്കുന്നത്. ഏഴിന് ചങ്ങനാശേരിയിൽ ചേരുന്ന യോഗത്തിൽ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകുമെന്ന് സാജൻ ഫ്രാൻസിസ് പറഞ്ഞു.