ഫാം ടൂറിസം വൻതോതിൽവികസിപ്പിക്കണം: പി.ജെ. ജോസഫ്
Monday, August 2, 2021 11:30 PM IST
തിരുവനന്തപുരം: ഫാം ടൂറിസം വൻതോതിൽ വികസിപ്പിക്കാനായാൽ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വരുമാനം ഇരട്ടിയാക്കാമെന്നു പി.ജെ. ജോസഫ്.
നിയമസഭയിൽ ധനാഭ്യർഥനാചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തേക്കടി- മൂന്നാർ പാതയുടെ ഇരുവശവും ഏലക്കാടുകളാണ്. ഇവിടെ കോട്ടേജുകൾ പണിയാൻ നിയമത്തിൽ ഇളവുകൾ അനുവദിക്കണം.
യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുത്ത് എട്ടുവരി എക്സ്പ്രസ് ഹൈവേ നിർമിക്കണം.
പത്തു വർഷം കഴിഞ്ഞാൽ ഇന്നുള്ള റോഡുകളിൽ ഒച്ചിഴയുന്ന വേഗത്തിലായിരിക്കും വാഹനങ്ങൾ നീങ്ങുക. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് റൈറ്റ്സ് നടത്തിയ പഠനത്തിൽ നോർത്ത്- സൗത്ത് എക്സ്പ്രസ് ഹൈവേ നിർദേശിച്ചിരുന്നു. ദീർഘദൂര വാഹനങ്ങൾ എക്സ്പ്രസ് ഹൈവേയിലൂടെ പോയാൽ മറ്റു പാതകളിലെ തിരക്കു കുറയ്ക്കാനാകും. എക്സ്പ്രസ് ഹൈവേയിൽ നിന്നു റോഡുകൾ വഴി എക്സ്പ്രസ് ഹൈവേയെ ബന്ധിപ്പിച്ചാൽ മതിയാകുമെന്നും ജോസഫ് ചൂണ്ടിക്കാട്ടി.