മണ്ണാർക്കാട് ഹോട്ടലിൽ തീപിടിത്തം: രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു
Saturday, September 11, 2021 12:32 AM IST
മണ്ണാർക്കാട്: നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ പത്തുപേരിൽ രണ്ടുപേരാണ് ശ്വാസംമുട്ടി മരിച്ചത്. രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റുള്ളവരെ തീപടരുന്നതിനു മുന്പുതന്നെ പുറത്തെത്തിക്കാനായിരുന്നു.
മലപ്പുറം തലക്കടത്തൂർ പറന്പത്ത് മുഹമ്മദ് ബഷീർ (58), കൊളത്തൂർ പുലാമന്തോൾ മഞ്ചേരിത്തൊടി പുഷ്പലത(36) എന്നിവരാണ് മരിച്ചത്.
ഹിൽവ്യൂ ടവറിന്റെ അടിഭാഗമാണ് അഗ്നിക്കിരയായത്. വട്ടന്പലം, പെരിന്തൽമണ്ണ, കോങ്ങാട് എന്നിവിടങ്ങളിൽനിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. ഫയർഫോഴ്സ് എത്താൻ ഒരു മണിക്കൂറോളം വൈകിയതു കൂടുതൽ നാശനഷ്ടത്തിന് ഇടയാക്കിയതായി നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ആരോപിച്ചു.
ഹിൽവ്യൂ ടവറിൽ പ്രവർത്തിക്കുന്ന മസാലി ഹോട്ടലിൽനിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് നിഗമനം. നാലുകോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ സി. മുഹമ്മദ് ബഷീർ പറഞ്ഞു.