സമുദായത്തോടു പറയേണ്ട കാര്യങ്ങൾ സമുദായ നേതാക്കൾ പറയുന്നതിൽ തെറ്റില്ല: മുഖ്യമന്ത്രി
Thursday, September 16, 2021 12:35 AM IST
തിരുവനന്തപുരം: തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പു നൽകുക മാത്രമാണു പാലാ ബിഷപ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സമുദായത്തോടു പറയേണ്ട കാര്യങ്ങൾ സമുദായ നേതാക്കൾ പറയും. അതിൽ തെറ്റൊന്നുമില്ല. അങ്ങനെ പറയുന്പോൾ ഏതെങ്കിലും മതചിഹ്നം ഉൾപ്പെടുത്തുന്നതാണു പ്രശ്നം. അതു മറുവശത്തുള്ളവർക്കു വേദനയുണ്ടാക്കും. ഈ വിഷയത്തിൽ സർവകക്ഷിയോഗം വേണമെന്നത് നല്ല നിർദേശമാണ്. എന്നാൽ, വിദ്വേഷപ്രചാരണം നടത്തുന്നതു തടയാൻ പോലീസുണ്ട്. അവർ അതു നന്നായി ചെയ്യും.
നാർകോട്ടിക്കിനെതിരായ പോരാട്ടത്തിൽ സമൂഹത്തിൽ നല്ല രീതിയിലുള്ള യോജിപ്പ് ഉയർത്തിക്കൊണ്ടുവരിക എന്നതു പ്രധാനമാണ്. കൂടുതൽ പ്രകോപനപരമായി പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ട്.
യഥാർഥത്തിൽ അത്തരം ശക്തികൾ കേരളത്തിൽ ദുർബലരായിക്കൊണ്ടിരിക്കുകയാണ്. ഇതുപോലുള്ള വിഷയങ്ങൾ വരുന്പോൾ ഏതെങ്കിലും വശത്തു ചാരി എന്തെങ്കിലും സഹായം കിട്ടുമോ എന്ന് അവർ നോക്കുമെന്ന കാര്യം എല്ലാവരും മനസിലാക്കണം.
നാർകോട്ടിക് ജിഹാദ് സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് എന്തെങ്കിലും വിവരങ്ങൾ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആ വാക്കുതന്നെ ആദ്യം കേൾക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.