സർവകക്ഷിയോഗം വിളിക്കണം: വി.ഡി. സതീശൻ
Thursday, September 16, 2021 12:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു സമുദായങ്ങൾ തമ്മിലടിക്കുന്നതു പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സമുദായങ്ങൾ തമ്മിലടി തുടരുന്പോൾ സർക്കാർ നോക്കുകുത്തിയായിരിക്കുകയാണ്. സംഘർഷം ലഘൂകരിക്കാൻ സർക്കാർ ചെറുവിരലനക്കുന്നില്ല.
രണ്ടു സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ മുഖ്യമന്ത്രി ആസ്വദിക്കുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. ഇന്റർനെറ്റിലൂടെ വർഗീയത പ്രചരിപ്പിക്കുന്നതിനെതിരേ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സംഘർഷത്തിന് അയവു വരുത്താൻ യുഡിഎഫ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.