ഫാ. ചെറിയാൻ തലക്കുളത്തിന് പേപ്പൽ ബഹുമതി
Saturday, September 18, 2021 11:33 PM IST
കോട്ടയം: സിഎംഐ സഭാംഗവും അമേരിക്കയിലെ സൗത്ത് കരോളൈന സംസ്ഥാനത്തെ നോർത്ത് അഗസ്റ്റയിലെ സെന്റ് എഡ്വേർഡ് പള്ളിവികാരിയുമായ ഫാ. ചെറിയാൻ തലക്കുളത്തിനെ ഫ്രാൻസിസ് മാർപാപ്പ പ്രോ എക്ലേസിയ എത് പൊന്റിഫിച്ചേ മെഡൽ നൽകി ആദരിച്ചു.
സഭയ്ക്കും മാർപാപ്പയ്ക്കുവേണ്ടിയും എന്നർഥം വരുന്ന ഈ ബഹുമതി ക്രോസ് ഓഫ് ഓണർ അഥവാ ബഹുമാനത്തിന്റെ കുരിശ് എന്നും അറിയപ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ചാൾസ്റ്റൺ രൂപത കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ ബിഷപ് റോബർട്ട് ഗൂഗ്ലിയേൽമോൻ മെഡൽ സമ്മാനിക്കും.
ചാൾസ്റ്റൺ രൂപതയ്ക്ക് ഫാ. തലക്കുളം നൽകിയ സമർപ്പണപൂർണവും അസാധാരണവുമായ സേവനത്തെ മാനിച്ചാണ് മാർപാപ്പ ഈ ബഹുമതി നൽകിയത്. 2001 ഓഗസ്റ്റിൽ അമേരിക്കയിലെത്തിയ ഫാ. തലക്കുളം 19 വർഷമായി ഐറിഷ് ട്രാവലേഴ്സ് എന്ന കുടിയേറ്റ സമൂഹത്തിനുവേണ്ടിയുള്ള സെന്റ് എഡ്വേർഡ് പള്ളിയുടെ വികാരിയാണ്.
ദീർഘകാലം മാന്നാനം കെഇ കോളജ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് പ്രഫസറായും എടത്വ സെന്റ് അലോഷ്യസ് കോളജ് , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലുമായിരുന്നു.
കടയനിക്കാട് സ്വദേശിയായ ഫാ. തലക്കുളം ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷന്റെ കേരള റീജൺ ഡയറക്ടറായും കേരള പ്രൈവറ്റ് കോളജ് പ്രിൻസിപ്പൽസ് കൗൺസിൽ വൈസ്പ്രസിഡന്റായും എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും ദീപികയുടെ തൃശൂർ യൂണിറ്റ് റസിഡന്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.