എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടു പോകാനുള്ള ശേഷി പിണറായിക്കുണ്ടെന്നു കെ. മുരളീധരൻ
Sunday, September 19, 2021 11:22 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരുമിച്ചു കൊണ്ടുപോയ കെ. കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ജാതി-മത വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായി വിജയനുണ്ടെന്നും തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു കെ. മുരളീധരൻ പറഞ്ഞു.
ബിജെപിക്ക് കേരളത്തിൽ വളരാൻ സിപിഎം സഹായം ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ച നേമം മണ്ഡലത്തിൽ അടിയൊഴുക്കുകളുണ്ടായി. അത് തടയാനായില്ല. തടയാൻ കഴിഞ്ഞെങ്കിൽ നേമത്തു ജയിക്കാനായേനെയെന്നും മുരളിധരൻ പറഞ്ഞു.
പാർട്ടിക്ക് പാർട്ട് ടൈം ജോലിക്കാരെ വേണ്ട, മുഴുവൻ സമയ പ്രവർത്തകരെ മാത്രം മതി. അച്ചടക്കം താനുൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ഇനി ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ല. ശീലങ്ങൾ മാറണം.
തെരഞ്ഞെടുപ്പ് വരുന്പോൾ സ്ഥാനാർഥിയെ പാരവയ്ക്കുന്ന ആളുകളെ പാർട്ടിക്ക് വേണ്ട . ആദർശത്തിന്റെ പേരിലല്ല ഇപ്പോൾ മൂന്നുപേർ പാർട്ടി വിട്ടത്. ജി. സുധാകരനെ പുറത്താൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയതെന്നും കെ. മുരളീധരൻ പറഞ്ഞു.