കെ.എം. റോയിയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചിച്ചു
Monday, September 20, 2021 12:05 AM IST
കൊച്ചി: മാധ്യമപ്രവര്‍ത്തകനും, ചിന്തകനും, സാംസ്കാരിക നായകനും, ഗ്രന്ഥകര്‍ത്താവുമായിരുന്ന കെ.എം. റോയിയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചിച്ചു. മാധ്യമരംഗത്തെ അദ്ദേഹത്തിന്റെസാന്നിധ്യം കേരള സമൂഹത്തിനു പ്രചോദനമായിരുന്നെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
2000ല്‍ കെസിബിസി അദ്ദേഹത്തിനു മാധ്യമ അവാര്‍ഡു നല്കി ആദരിച്ചിരുന്നു. സമൂഹത്തിലെ ഇരുളും വെളിച്ചവും നിറഞ്ഞ പാതകള്‍ ധീരമായ രീതിയില്‍ ചൂണ്ടിക്കാണിക്കുക എന്നത് കെ.എം. റോയിയുടെ ശൈലിയായിരുന്നു.
നീതിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന അദ്ദേഹം എന്നും സമൂഹത്തിലെ അശരണരും പീഡിതരുമായവരുടെ പക്ഷം ചേര്‍ന്നു നിന്നിരുന്നു . തന്റെ ചിന്തോദീപകമായ രചനകളിലൂടെ കെ.എം. റോയി എന്നും അനുസ്മരിക്കപ്പെടുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.