മധു വധക്കേസ് പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കി; വിവാദമായപ്പോൾ മാറ്റി
Thursday, September 23, 2021 12:23 AM IST
അഗളി: ആദിവാസി യുവാവ് മധുവിനെ മർദിച്ചുകൊന്ന കേസിലെ പ്രതിയെ സിപിഎം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. നടപടി വിവാദമായപ്പോൾ പിൻവലിച്ചു.
അട്ടപ്പാടിയിൽ ഇന്നലെ നടന്ന മുക്കാലി ബ്രാഞ്ച് കമ്മിറ്റി തെരഞ്ഞെടുപ്പാണ് വിവാദമായത്. 2018 ഫെബ്രുവരി 22ന് മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ചുമത്തി ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. വൻവിവാദമായ സംഭവത്തിൽ പതിനാറു പേരെ പ്രതികളാക്കി കേസെടുത്തിരുന്നു.
ഇതിലെ മൂന്നാംപ്രതിയായ പി.എം. ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി ഇന്നലെ നടന്ന യോഗം തെരഞ്ഞെടുത്തത്. എന്നാൽ പാർട്ടി പ്രവർത്തകരുടെയടക്കം പ്രതിഷേധം ഉയർന്നതോടെ ഏരിയാ നേതൃത്വം ഇടപെട്ട് മറ്റൊരാളെ തെരഞ്ഞെടുക്കാൻ നിർദേശം നല്കുകയായിരുന്നു.
ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയുള്ള വി.കെ. ജെയിംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗനടപടികൾ. യോഗത്തിൽ തന്നെ ഷംസുദ്ദീനെതിരേ എതിർപ്പ് ഉണ്ടായെങ്കിലും അംഗീകരിച്ചില്ല. തുടർന്നാണ് ഏരിയ സെക്രട്ടറി സി.പി. ബാബു ഇടപെട്ട് പ്രശ്നം പരിഹരിച്ചത്.
സമ്മേളനം തീരുന്നതിനു മുമ്പുതന്നെ തെരഞ്ഞെടുത്ത സെക്രട്ടറിയെ മാറ്റി യോഗ്യതയുള്ള മറ്റൊരാളെ തെരഞ്ഞെടുക്കണമെന്നു സി.പി. ബാബു കർശന നിർദേശം നൽകി. തുടർന്ന് മുക്കാലിയിലെ സി. ഹരീഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
മധുവിന്റെ മരണം സംബന്ധിച്ച കേസ് മണ്ണാർക്കാട് എസ്സി- എസ്ടി കോടതിയിൽ നടന്നുവരികയാണ്. പതിനാറു പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.