മികച്ച കാർഡിയോളജിസ്റ്റുകളിൽ ഡോ. ജോർജ് തയ്യിലും
Saturday, September 25, 2021 12:35 AM IST
കൊച്ചി: ‘ഡോക്ടേഴ്സ് ഡേ’ യോടനുബന്ധിച്ച് ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധരിലൊരാളായി ഡോ. ജോർജ് തയ്യിൽ തെരഞ്ഞെടുക്കപ്പെട്ടു.
ചികിത്സയ്ക്കുമാത്രം പ്രാധാന്യം കൊടുക്കുന്നതിലുപരിയായി രോഗികളുടെ ബോധവത്കരണ പരിപാടികൾക്കും രോഗപ്രതിരോധത്തിനും സമൂഹത്തിന്റെ പൊതുവായ ആരോഗ്യവളർച്ചയ്ക്കും വിലപ്പെട്ട സംഭാവനകൾ നല്കുന്നവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
ആർദ്രമായ ആതുരശുശ്രൂഷയും രോഗീപരിചരണവും ജീവിതദൗത്യമായി കരുതുന്ന ഡോ. തയ്യിൽ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപക തലവനും സീനിയർ കണ്‍സൾട്ടന്റുമാണ്. ആറു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആരോഗ്യരത്ന അവാർഡ്, കെസിബിസി അവാർഡ്, ഗ്ലോബൽ മെഡിക്കൽ എക്സലൻസി അവാർഡ് തുടങ്ങി മികച്ച ഡോക്ടർക്കും എഴുത്തുകാരനുമുള്ള പതിനൊന്ന് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെയും ഇന്ത്യൻ അക്കാദമി ഓഫ് എക്കോ കാർഡിയോഗ്രാഫിയുടെയും മുൻ സംസ്ഥാന പ്രസിഡന്റാണ്. ചങ്ങനാശേരി പാലാക്കുന്നേൽ കുടുംബാംഗമായ ഡോ. ശുഭയാണ് ഭാര്യ. മക്കൾ: ആൻ മേരി, എലിസ് മേരി.