ചങ്ങനാശേരി-ആലപ്പുഴ റോഡ് ഗതാഗതം തടസപ്പെടുത്തരുത്; ഹൈക്കോടതിയിൽ ഹർജി
Saturday, September 25, 2021 10:52 PM IST
ചങ്ങനാശേരി: ചങ്ങനാശേരി-ആലപ്പുഴ റോഡ് നിർമാണവുമായി ബന്ധപ്പെട്ടു കരാറുകാരൻ ഡിപിആറിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ ലംഘിച്ചതായും ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതായും കാണിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഫാ. ജോസഫ് കൊച്ചുചിറയിൽ, പ്രഫ.കെ.പി. നാരായണപിള്ള, അഡ്വ. സന്ദീപ് വി. നായർ, വർഗീസ് കണ്ണന്പള്ളി, ഡോ.കെ. ഗോപകുമാർ, രാജൻ ജേക്കബ്, കെ.എൻ. കൃഷ്ണൻ പോറ്റി, കെ.ജെ. സിബിച്ചൻ, കെ.സി. മാത്യു, ജോസഫ് ജോസഫ് വളയത്തിൽ എന്നിവർ ചേർന്ന് അഡ്വ. ജോമി ജോർജ് മുഖേനയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
നിർമാണം നടക്കുന്പോൾ റോഡിന്റെ ഒരു വശത്തുകൂടിയോ അല്ലെങ്കിൽ തൊട്ടടുത്ത് പകരം സംവിധാനം ഏർപ്പെടുത്തിയോ യാത്രാസൗകര്യം ഒരുക്കണമെന്നു കരാറിൽ വ്യവസ്ഥയുണ്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട കരാറിലെ പ്രധാന വ്യവസ്ഥകൾ കരാറുകാർ നിർമാണവേളയുടെ തുടക്കത്തിൽതന്നെ നഗ്നമായി ലംഘിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എസി റോഡിലൂടെയുള്ള ഗതാഗതം പൂർണമായി സ്തംഭിപ്പിക്കുന്ന വിധത്തിലാണ് കരാർ ജോലികൾ നിർവഹിക്കുന്ന കന്പനി ഇപ്പോൾ നിർമാണങ്ങൾ നടത്തുന്നത്.
ഇതു മൂലം മധ്യതിരുവിതാംകൂറിലെ തന്നെ സുപ്രധാന പാത അടഞ്ഞു പോയിരിക്കുകയാണെന്നും മറ്റു മാർഗങ്ങളില്ലാത്ത കുട്ടനാട് നിവാസികളുടെ അനുദിനജീവിതം താറുമാറായിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.