വിദേശത്തേക്കു കടത്താൻ ശ്രമിച്ച പത്ത് ലക്ഷം രൂപ പിടികൂടി
Monday, September 27, 2021 10:59 PM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി ഷാർജയിലേക്കു കടത്താൻ ശ്രമിച്ച പത്ത് ലക്ഷത്തോളം രൂപ കസ്റ്റംസ് പിടികൂടി. കാസർഗോഡ് മുട്ടത്തൊടി സ്വദേശി കേപ്പുറം മുഹമ്മദ് അൻവറിൽനിന്നാണ് 9.45 ലക്ഷത്തിന്റെ ഇന്ത്യൻ കറൻസികൾ പിടികൂടിയത്.
ശനിയാഴ്ച രാത്രി ഷാർജയിലേക്കു ഗോഎയർ വിമാനത്തിൽ പോകാൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു മുഹമ്മദ് അൻവർ. കിയാൽ ജീവനക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ ചെക്ക് ഇൻ ബാഗേജിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ കറൻസികൾ ഷൂസിലും സോക്സുകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാഗേജ് തുറന്നു പരിശോധിച്ചു. കസ്റ്റംസും കിയാൽ ജീവനക്കാരും നടത്തിയ പരിശോധനയിൽ 9.45 ലക്ഷം ഇന്ത്യൻ കറൻസികൾ കണ്ടെത്തുകയായിരുന്നു. 500 രൂപയുടെയും 2000 രൂപയുടെയും കറൻസികളാണ് പിടികൂടിയത്. ചട്ടങ്ങളനുസരിച്ച് 25,000 രൂപ മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാനോ കൊണ്ടുവരാനോ കഴിയൂ.
ഇന്ത്യയിൽനിന്നു കൊണ്ടുപോകുകയോ ഈ തുകയേക്കാൾ കൂടുതൽ ഇന്ത്യയിലേക്കു കൊണ്ടുവരികയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇതേത്തുടർന്നു കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
സൂപ്രണ്ടുമാരായ വി.പി. ബേബി, എൻ.സി. പ്രശാന്ത്, കെ.പി. സേതുമാദവൻ, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ കൂവൻ പ്രകാശൻ, അശോക് കുമാർ, ദീപക്, ജുബർ ഖാൻ, രാംലാൽ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.