മസ്റ്ററിംഗ് പൂർത്തിയാക്കിയാൽ തടഞ്ഞുവച്ച ക്ഷേമ പെൻഷൻ വിതരണം ചെയ്യും
Thursday, October 14, 2021 1:34 AM IST
തിരുവനന്തപുരം: മസ്റ്ററിംഗ് പൂർത്തിയാക്കുന്ന മുറയ്ക്ക് തടഞ്ഞുവച്ച 4.5 ലക്ഷത്തോളം പേർക്കു ക്ഷേമപെൻഷനുകൾ തുടർന്നും ലഭിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 3,42,985 പേരും വിവിധ ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ 1,07,541 പേരും മസ്റ്ററിംഗ് പൂർത്തിയാക്കാൻ അവശേഷിക്കുന്നുണ്ട്.
മസ്റ്റർ ചെയ്തിട്ടില്ലാത്തവരുടെ പെൻഷനാണ് തടഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ളത്. കോവിഡ് കാലഘട്ടത്തിലുണ്ടായ പരിമിതികൾ പരിഗണിച്ച് ഇവർക്ക് ക്ഷേമനിധി ബോർഡുകൾ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഒരവസരം കൂടി നൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.