പ്രളയം: 36 ജലവിതരണ പദ്ധതികളുടെ പ്രവർത്തനം തടസപ്പെട്ടു
Tuesday, October 19, 2021 11:58 PM IST
തിരുവനന്തപുരം: മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വാട്ടർ അഥോറിറ്റിയുടെ 36 ജലവിതരണ പദ്ധതികളുടെ പ്രവർത്തനം തടസപ്പെട്ടു. ഇവയിൽ 20 പദ്ധതികളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു.
കോട്ടയം ജില്ലയിലെ 12 പദ്ധതികളുടെ പ്രവർത്തനം തടസപ്പെട്ടെങ്കിലും ഇവയിൽ ഏഴെണ്ണവും പുനരാരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കോസടി പദ്ധതി പൂർണമായും നശിച്ചു. പന്പ് ഹൗസ് പൂർണമായും തകർന്നു.
മണിമല, കാഞ്ഞിരപ്പള്ളി പദ്ധതികൾക്കും പൂർണനാശം സംഭവിച്ചു.
ഇടുക്കി ജില്ലയിലെ 20 പദ്ധതികളുടെ പ്രവർത്തനം നിലച്ചെങ്കിലും 11 എണ്ണവും പുനഃസ്ഥാപിക്കാനായി. എറണാകുളം ജില്ലയിലെ നാലു പദ്ധതികൾ നിർത്തിവച്ചെങ്കിലും നിലവിൽ പ്രവർത്തനം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാന്പുകളിൽ വാട്ടർ അഥോറിറ്റി ആവശ്യമനുസരിച്ച് സുരക്ഷിതമായ കുടിവെള്ളം എത്തിച്ചു നൽകും. ടാങ്കർ ലോറികളിൽ ക്യാന്പുകളിൽ കുടിവെള്ളമെത്തിക്കുന്നതു തുടരും. വെള്ളപ്പൊക്ക മേഖലകളിൽ കുടിവെള്ളം തിളപ്പിച്ചുമാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗം പരിമിതപ്പെടുത്താനും വാട്ടർ അഥോറിറ്റി അഭ്യർഥിച്ചു.