മികച്ച നഗര ഗതാഗത സംവിധാനം: കേന്ദ്ര സർക്കാർ അവാർഡ് കേരളത്തിന്
Monday, October 25, 2021 12:00 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് സിസ്റ്റം അവാർഡ് കേരളത്തിനു ലഭിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സർക്കാരിന്റെ ഭവനനഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡാണിത്.
കൊച്ചിമെട്രോ, വാട്ടർമെട്രോ, ഇമൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വർധിപ്പിക്കുവാൻ നടപ്പിലാക്കിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചതെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു.
വിവിധ ഗതാഗത സൗകര്യങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വർക്കിന്റെ രൂപീകരണം പുരസ്കാരം ലഭിക്കുന്നതിന് സഹായകരമായി. ഈ മാസം 29ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രി ഹർദീപ് സിംഗ് പുരി അവാർഡ് വിതരണം ചെയ്യും.