എസ്എഫ്ഐ നേതാക്കളെ കാനം ഭയക്കുന്നത് അപമാനകരം: കെഎസ്യു
Monday, October 25, 2021 12:15 AM IST
കോഴിക്കോട്: എംജി സര്‍വകലാശാലയില്‍ എസ്എഫ്ഐ ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നോട്ടിഫിക്കേഷന്‍ വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടിംഗ് രീതി തന്നെ മാറ്റിമറിച്ച് എസ്എഫ്ഐ ജനാധിപത്യത്തെ കശാപ്പു ചെയ്തു.
ഇടതുപക്ഷ യൂണിയന് നേതാവായ റിട്ടേണിംഗ് ഓഫീസറുടെ സഹായത്തോടെയാണ് ഇതു നടന്നത്. പ്രതിഷേധിച്ച താനുള്‍പ്പെടെയുള്ള കെഎസ്യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി. ഇതിനു ശേഷമാണ് എഐഎസ്എഫ് വനിതാ നേതാവിനുനേരേ അതിക്രമമുണ്ടായത്. വനിതാ വിദ്യാര്‍ഥി നേതാവ് ആക്രമിക്കപ്പെട്ടിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇതുവരെ പ്രതികരിച്ചിട്ടില്ല. കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനെ ഭയക്കാന്‍ കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ എസ്എഫ്ഐ നേതാക്കളെ കാനം ഭയക്കുന്നുവെന്നത് അപമാനകരമാണ്.
തന്റെ വകുപ്പില്‍ എന്തു നടക്കുന്നുവെന്നറിയാത്തയാളാണ് വിദ്യാഭ്യാസ മന്ത്രി. എല്ലാ കുട്ടികളും സയന്‍സ് തന്നെ പഠിക്കണം എന്നു വാശിപിടിക്കരുത് എന്നു പറയുന്ന മന്ത്രി ഏതു ലോകത്താണു ജീവിക്കുന്നത്. വിദ്യാര്‍ഥികര്‍ അവര്‍ ഇഷ്ടപ്പെട്ട കോഴ്സ് ചോദിക്കുമ്പോള്‍ അത് പഠിക്കേണ്ട, ഇതു പഠിച്ചോളൂവെന്നാണ് മന്ത്രി പറയുന്നത്. ഇങ്ങനെയൊരാളെ വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ചു നല്കിയ മുഖ്യമന്ത്രിയാണ് ഉത്തരം പറയേണ്ടതെന്നും അഭിജിത്ത് പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ എ പ്ലസ് ലഭിച്ചത്. പ്രതികൂല സാഹചര്യത്തെ നേരിട്ടാണ് വിദ്യാര്‍ഥികള്‍ ഉന്നത വിജയം നേടിയത്. ഫുള്‍ എ പ്ലസ് നേടിയവര്‍ക്കു പോലും സീറ്റില്ലാത്ത സാഹചര്യമാണുള്ളത്. പഠിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലന്നും അഭിജിത്ത് പറഞ്ഞു.