കണ്ണൂരിൽ വാഹനാപകടത്തിൽ എറണാകുളം സ്വദേശികൾ മരിച്ചു
Monday, October 25, 2021 12:37 AM IST
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. എറണാകുളം മുക്കന്നൂർ താബൂരിലെ പണിക്കശേരി വീട്ടിൽ കെ. ഷാജി-ആയിഷ ദമ്പതികളുടെ മകൻ ഗൗതം കൃഷ്ണ ഷാജി (21), അങ്കമാലി പൂതംകുറ്റി കാഞ്ഞിരത്തിങ്കൽ ജോയി-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ജിസ് ജോസ് (22) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച അർധരാത്രിയിലായിരുന്നു അപകടം. കണ്ണൂർ സ്കൈ പാലസ് ബാറിലെ ജീവനക്കാരാണു മരിച്ച ഇരുവരും. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു ബൈക്കിൽ യാത്ര ചെയ്യവേ താവക്കരയിൽ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തലയിടിച്ചു വീണു. കാർ ഓടിച്ച സ്ത്രീ ബഹളം വച്ചതിനെത്തുടർന്ന് പരിസരവാസികളും ടൗൺ പോലീസും സ്ഥലത്തെത്തി യുവാക്കളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി കണ്ണൂരിലെ സ്കൈ പാലസ് ഹോട്ടലിൽ ജോലിക്കായി എത്തിയതായിരുന്നു യുവാക്കൾ.
കാർ ഓടിച്ച മഹിജ എന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ബന്ധുവീട്ടിലേക്ക് കാറോടിച്ചു പോകുകയായിരുന്നു അവർ. ടൗൺ എസ്ഐ അഖിൽ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. മരിച്ച ഇരുവരും അവിവാഹിതരാണ്. ജിസ് ജോയിയുടെ സഹോദരങ്ങൾ: സെബി, സിൻസി. ആതിരയാണ് ഗൗതമിന്റെ സഹോദരി.
യുവാക്കൾ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.