പ്രവാസി പുനരധിവാസം: 2,000 കോടിയുടെ പദ്ധതി കേന്ദ്രത്തിനു സമർപ്പിക്കുമെന്നു മുഖ്യമന്ത്രി
Thursday, October 28, 2021 12:59 AM IST
തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസത്തിനുള്ള സംസ്ഥാന പദ്ധതികൾക്കു പുറമേ സമഗ്ര പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഈ മാസം 26 വരെ 17.51 ലക്ഷം പ്രവാസി മലയാളികളാണു കോവിഡ് ജാഗ്രതാ പോർട്ടൽ പ്രകാരം തിരികെ എത്തിയതെന്നും മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധ ക്ഷണിക്കലിന് അദ്ദേഹം മറുപടി നൽകി.
എയർപോർട്ട് അഥോറിറ്റിയുടെ രേഖകൾ അനുസരിച്ച് 2020 മേയ് മുതൽ ഈ മാസം വരെ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി 39,55,230 പേർ വിദേശത്തേക്ക് പോയി. തിരിച്ചെത്തിയ പ്രവാസികളിൽ 12.67 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് കോവിഡ് പോർട്ടലിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ സംരംഭക പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തിരികെ എത്തിയ പ്രവാസികൾക്കു സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു പിന്തുണ നൽകുന്ന പദ്ധതി വിപുലീകരിക്കുകയും പദ്ധതി വിഹിതം 24.4 കോടിയായി വർധിപ്പിക്കുകയും ചെയ്തു.
നിലവിലുള്ള വിദേശ റിക്രൂട്ടിംഗ് സംവിധാനം ശക്തമാക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നൂതന സംരംഭം രൂപപ്പെടുത്തുന്നതിനും പോസ്റ്റ് റിക്രൂട്ട്മെന്റ് സേവനങ്ങൾക്കായി പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ഇതിന് രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.