മൂല്യങ്ങൾ പ്രചരിപ്പിക്കുന്നവരാകണം അധ്യാപകർ: മാർ കല്ലറങ്ങാട്ട്
Thursday, October 28, 2021 12:59 AM IST
പാലാ: പാഠപുസ്തകങ്ങൾ വിനിമയം ചെയ്യുന്നതോടൊപ്പം നല്ല മൂല്യ സംഭരണിയുടെ ഉത്തരവാദിത്വം കൂടി വഹിക്കുന്നവരാകണം അധ്യാപകരെന്ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മധ്യമേഖലാ നേതൃസംഗമം പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. കോതമംഗലം, എറണാകുളം, വരാപ്പുഴ, കോട്ടപ്പുറം, കൊച്ചി, ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, മൂവാറ്റുപുഴ, ആലപ്പുഴ തുടങ്ങിയ പത്തു രൂപതകൾ ഉൾക്കൊള്ളുന്നതാണ് മധ്യമേഖല.
സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, സംസ്ഥാന ഡയറക്ടർ ചാൾസ് ലെയോണ്‍, പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, പാലാ രൂപത ഡയറക്ടർ ഫാ. ജോർജ് വരകുകാലാപറന്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ്, സംസ്ഥാന ട്രഷറർ മാത്യു ജോസഫ്, മധ്യമേഖലാ പ്രസിഡന്റ് ജോബി വർഗീസ്, സെക്രട്ടറി എം.ഇ. മോളി, ട്രഷറർ വി.എക്സ്. ആന്റണി, പാലാ രൂപത പ്രസിഡന്റ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ്, സാജു മാന്തോട്ടം എന്നിവർ പ്രസംഗിച്ചു.