സാന്പിൾ സർവേ പാടില്ലെന്ന നിലപാടിൽ എൻഎസ്എസ്
Tuesday, November 30, 2021 12:34 AM IST
ചങ്ങനാശേരി: മുന്നാക്കവിഭാഗങ്ങൾക്ക് ഒരു നിലയിലും സഹായകമല്ലാത്ത സാന്പിൾ സർവേയിൽനിന്നും കമ്മീഷൻ പിന്മാറണമെന്ന ആവശ്യവുമായി എൻഎസ്എസ്.
അശാസ്ത്രീയമായ സാന്പിൾ സർവേ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നായർ സർവീസ് സൊസൈറ്റി മുന്നാക്കവിഭാഗ കമ്മീഷന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
സാന്പിൾ സർവേ സംബന്ധിച്ച് എൻഎസ്എസ് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങൾ ശരിയാണെന്ന് മറുപടിക്കത്തിൽ കമ്മീഷൻ സമ്മതിച്ചിട്ടുള്ളതായി എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
മുന്നാക്ക ക്ഷേമത്തിനായുള്ള കമ്മീഷൻ ഒരു സ്ഥിരം കമ്മീഷനാണ്. അതിനാൽ ഇപ്പോഴുള്ള കമ്മീഷൻ അംഗങ്ങളുടെ കാലാവധി അവസാനിക്കും മുന്പ് ഫലപ്രാപ്തി ലഭിക്കാത്ത നിലയിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്തുതീർക്കണമെന്ന കമ്മീഷന്റെ നിലപാട് ന്യായീകരണമില്ലാത്തതും മുന്നാക്കസമുദായങ്ങളുടെ താത്പര്യങ്ങൾക്കു വിരുദ്ധവുമാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.