സർക്കാർ ജീവനക്കാർക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി
Sunday, December 5, 2021 12:31 AM IST
തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യങ്ങളുമായി മുന്നിൽ വരുന്പോൾ ഇരയെ കിട്ടിപ്പോയെന്ന ഉദ്ദേശ്യത്തോടെ കാര്യങ്ങൾ നീക്കിയാൽ ഒരുഘട്ടത്തിൽ പിടിവീഴുമെന്നും പിന്നെ താമസം എവിടെയാണെന്ന് എല്ലാവർക്കും അറിയാമെന്നും കേരള മുൻസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
ആരും നിങ്ങളുടെ വ്യക്തിപരമായ ഔദാര്യത്തിനായല്ല, അവരുടെ അവകാശം നേടാനാണ് ഓഫിസുകളിൽ വരുന്നത്. ആവശ്യങ്ങളുമായി വരുന്പോൾ എന്റെ മുന്നിൽ കിട്ടിപ്പോയിയെന്ന നില ചിലർ സ്വീകരിക്കുന്നുണ്ട്. ആ ഉദ്ദേശ്യത്തിനല്ല കസേരയിൽ ഇരിക്കുന്നതെന്ന് ഓർക്കണം. ഇത്തരം ഉദ്ദേശ്യത്തോടെ കാര്യങ്ങൾ നീക്കിയാൽ ഒരു ഘട്ടത്തിൽ പിടിവീഴും. പിന്നെ ആ കസേരയിൽ ഇരിക്കില്ല, താമസം എവിടെയാണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്നവരെ പ്രയാസപ്പെടുത്താനോ വിഷമിപ്പിക്കാനോ അല്ല, നാടിനെ സേവിക്കാനാണ് ഓരോരുത്തരും കസേരയിൽ ഇരിക്കുന്നതെന്ന ചിന്ത വേണം. ജനങ്ങളെ ഉപദ്രവിക്കുകയല്ല വേണ്ടത്. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യേണ്ടതില്ല. പക്ഷേ പറ്റുന്ന കാര്യങ്ങളിൽ ഉടക്കിടാൻ പാടില്ല. തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്ന കേന്ദ്രങ്ങളാണെങ്കിലും ചില കാര്യങ്ങൾക്കു സമീപിക്കുന്പോൾ അത്ര അരോഗ്യകരമായ സമീപനം ചിലരിൽ നിന്നുണ്ടാകുന്നില്ല. സംസ്ഥാനത്തിന്റെ പൊതുസ്വഭാവത്തിനു ചേരാത്ത കടുത്ത ദുഷ്പ്രവണതകൾ വ്യാപകമായി നിലനിൽക്കുന്നു.
തൊഴിൽ നൽകുന്ന സ്ഥാപനവുമായി ആരെങ്കിലും വരുന്പോൾ അവരെ ശത്രുക്കളായി കാണുന്ന സമീപനം സ്വീകരിക്കുന്ന ചില ജീവനക്കാരുണ്ട്. അനുവാദം നൽകാനാകാത്ത കാര്യങ്ങളിൽ എന്തുകൊണ്ട് നൽകുന്നില്ലെന്നു തുറന്നു പറയണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.