അപ്രതീക്ഷിതം; തൃക്കാക്കരയില്‍ ഇടതു സ്ഥാനാർഥിയായി ഡോ. ജോ ജോസഫ്
സ്വന്തം ലേഖകന്‍
Friday, May 6, 2022 1:36 AM IST
കൊച്ചി: അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവിൽ അപ്രതീക്ഷിത സ്ഥാനാര്‍ഥി യായാണ് തൃക്കാക്കരയില്‍ ഡോ. ജോ ജോസഫിന്റെ കടന്നുവരവ്. ഇടതു സ്ഥാനാർഥിയായി ഒറ്റപ്പേര് മാത്രമാണ് പരിഗണിച്ചതെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ചകളില്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.എസ്. അരുണ്‍കുമാര്‍, തൃക്കാക്കര ഭാരത് മാതാ കോളജ് ഇക്കണോമിക്സ് വിഭാഗം മുന്‍ മേധാവി ഡോ. കൊച്ചുറാണി ജോസഫ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങി പല പേരുകളും ഉയര്‍ന്നുവന്നിരുന്നു എന്നത് വസ്തുതയാണ്.
പൊതുസ്വതന്ത്രന് വേണമെന്നും അതല്ല, പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണമെന്നും രണ്ടു വാദങ്ങള്‍ ഉയര്‍ന്നതാണ് പ്രഖ്യാപനം നീണ്ടുപോകാന്‍ ഇടയായത്. ഇന്നലെ രാവിലെ 11ന് തുടങ്ങിയ എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയുടെ ചര്‍ച്ച ഉച്ചകഴിഞ്ഞ് രണ്ടരവരെ നീണ്ടത് അഭിപ്രായഭിന്നതയ്ക്ക് തെളിവായി. ഒടുവിൽ തികച്ചും അപ്രതീക്ഷിതമായി ഡോ. ജോ ജോസഫിന്റെ പേരിലേക്ക് ഇടതുമുന്നണി എത്തുമ്പോള്‍ ലക്ഷ്യം വ്യക്തമാണ് -തൃക്കാക്കര മണ്ഡലത്തിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍.
ഇടത് സ്ഥാനാര്‍ഥിക്കായി ചുക്കാന്‍ പിടിച്ച മന്ത്രി പി. രാജീവിന്റെ അടുത്ത സുഹൃത്താണ് ഡോ. ജോ ജോസഫ്. അന്തരിച്ച മുന്‍എംഎല്‍എ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുപിന്നാലെ ഒരു ക്രിസ്ത്യന്‍ വനിതയെ എല്‍ഡിഎഫ് രംഗത്തിറക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സീറോ മലബാര്‍ സഭയുടെ വക്താവായ ഡോ. കൊച്ചു റാണി ജോസഫിന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും സിപിഎം ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന ഉപാധി അവര്‍ക്ക് സ്വീകാര്യമായില്ല.
അതിനിടെ കെ.എസ്. അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തിപ്പെടുകയും അദ്ദേഹത്തിന്റെ പേരില്‍ ചുവരെഴുത്തുകള്‍ മണ്ഡലത്തില്പ്രത്യക്ഷപ്പെടുകയും ചെയ്തു. ശരവേഗത്തിൽ പാര്‍ട്ടി നേതൃത്വം ഇത് നിഷേധിച്ച് രംഗത്തെത്തി. ചുവരെഴുത്തുകള്‍ ക്ഷണനേരത്തിനുള്ളില്‍ മാഞ്ഞു. ഇതോടെ അപ്രതീക്ഷിത സ്ഥാനാര്‍ഥി എല്ഡിഎഫിനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം കണ്ടുവച്ചിട്ടുള്ളതെന്ന പ്രചാരണവുമുണ്ടായി.
ഒടുവില്‍ സസ്പെന്‍സ് പൊളിച്ച് ഡോ. ജോ ജോസഫിന്റെ പേരിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു. സിപിഎമ്മിന്റെ കാര്യത്തിൽ ഒരിക്കലും കാണാത്ത കാഴ്ചകളായിരുന്നു ഇതെല്ലാം. പാർട്ടിക്കും മുന്നണിക്കും ഇത് നാണക്കേടുമായി. യുഡിഎഫിനേക്കാള്‍ മുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണരംഗത്തേക്കു ചുവടുവയ്ക്കാറുള്ള ഇടത് പാരമ്പര്യത്തിനും ഇത്തവണ ഇളക്കംതട്ടി.
അതേസമയം സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ആശയക്കുഴപ്പങ്ങളും അഭിപ്രായഭിന്നതയും മറയ്ക്കാൻ മാധ്യമങ്ങളെ പഴിചാരാനാണ് സ്ഥാനാർഥി പ്രഖ്യാപനസമയത്ത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും മന്ത്രി പി. രാജീവും ശ്രമിച്ചത്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ സിപിഎമ്മില്‍നിന്ന് ഒന്നും ചോര്‍ത്തിയെടുക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ബോധ്യമായില്ലേയെന്ന ചിരിയോടെയുള്ള ചോദ്യവും ജയരാജനിൽനിന്നുണ്ടായി.