ഗൂഢാലോചന കോടതി ഇടപെടലിലൂടെ ഇല്ലാതായി: വി.ഡി. സതീശൻ
Friday, June 24, 2022 12:22 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസുകാരെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ പോലീസും സിപിഎം നേതാക്കളും ചേർന്നു നടത്തിയ ഗൂഡാലോചനയാണ് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിലൂടെ ഇല്ലാതായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി ഇറങ്ങിപ്പോയ ശേഷമാണ് യുവാക്കൾ പ്രതിഷേധിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും ദുഷ്ടലാക്കോടെയാണ് പിന്നീട് മാറ്റിപ്പറഞ്ഞത്.
സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ പൊതുസമൂഹത്തിന് മുന്നിൽ തലകുനിച്ച് നടക്കേണ്ടി വന്ന മുഖ്യമന്ത്രിയെ ഈ വിവാദങ്ങളിൽ നിന്നും രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം നേതാക്കളും പോലീസ് തലപ്പത്തെ ഉന്നതരും ചേർന്ന് കള്ളക്കഥ മെനഞ്ഞത്.
പക്ഷെ ഈ കള്ളക്കഥയും ഗൂഡാലോചനയുമൊന്നും നീതിന്യായ വ്യവസ്ഥയെ സ്വാധീനിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവെന്ന് സതീശൻ പറഞ്ഞു.