‘അമ്മ’യില്‍ അസ്വസ്ഥത
സ്വന്തം ലേഖകന്‍
Tuesday, June 28, 2022 2:25 AM IST
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന ജനറല്‍ബോഡി യോഗത്തിനു പിന്നാലെ താരസംഘടനയായ ‘അമ്മ’യില്‍ ഭിന്നത. പുതുമുഖനടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരേ അമ്മ സ്വീകരിച്ച മൃദുത്വ സമീപനവും അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനോടു വിശദീകരണം ചോദിച്ചതുമാണ് അഭിപ്രായഭിന്നതയ്ക്കു കാരണം.
ദിലീപിനെതിരേ മുമ്പു നടപടി സ്വീകരിച്ച സാഹചര്യത്തില്‍ വിജയ് ബാബുവിനെതിരേ നടപടി ഉണ്ടായില്ലെങ്കില്‍ അതു വിമര്ശനവിധേയമാകുമെന്ന് ഒരുകൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ മാതൃക പിന്തുടര്ന്ന് വിജയ് ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ്കുമാര് പരസ്യമായി രംഗത്തുവന്നു. വിജയ് ബാബുവിനെതിരേ അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മറുപടി നല്‍കണം. വിഷയത്തെ ആദ്യം നിസാരവത്്കരിച്ചുവെന്നും ഗണേഷ്കുമാര് കുറ്റപ്പെടുത്തി.
അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശം തെറ്റാണെന്നു പറഞ്ഞ ഗണേഷ്കുമാര് ചാരിറ്റബിള്‍ സൊസൈറ്റിയായാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പ് പറയണം. ക്ലബാണെങ്കില്‍ അമ്മയിൽ തുടരാന്‍ ആഗ്രഹിക്കുന്നില്ല. പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കാര്യത്തിൽ കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മ ക്ലബ് ആയതിനാലാണ് വിജയ് ബാബുവിനെ പുറത്താക്കാത്തതെന്നാണ് ഇടവേള ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വിജയ് ബാബു മറ്റു പല ക്ലബുകളിലും അംഗമാണെന്നും അതില്‍നിന്നൊന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപിനെ മുമ്പു പുറത്താക്കിയത് ശരിയായിരുന്നില്ലെന്ന സിദ്ദിഖിന്റെ പരാമര്‍ശവും വിവാദത്തിനിടയാക്കി. അന്നു തീരുമാനമെടുത്ത കമ്മിറ്റിക്കു തെറ്റുപറ്റിയെന്ന ധാരണ സൃഷ്ടിക്കാന്‍ ഈ പരാമര്‍ശം ഇടയാക്കിയെന്നാണ് വിമര്‍ശനം.
ഷമ്മി തിലകനെതിരേ നടപടി വേണമെന്നു ഭൂരിപക്ഷം ഭാരവാഹികളും ആവശ്യപ്പെട്ടെങ്കിലും ധൃതിപിടിച്ചു നടപടി വേണ്ടെന്നും വിശദീകരണം തേടാമെന്നുമുള്ള തീരുമാനത്തിലേക്കെത്തിയതു മമ്മൂട്ടിയുടെ ഇടപെടല്‍ മൂലമാണെന്നു പറയപ്പെടുന്നു. മനോജ് കെ. ജയന്, ജഗദീഷ് എന്നിവര്‍ക്കും മമ്മൂട്ടിയുടെ നിലപാടു തന്നെയായിരുന്നുവെന്നാണ് അറിയുന്നത്.