സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിനു തുടക്കം
Friday, November 25, 2022 12:08 AM IST
വാഴക്കുളം: പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്ത് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് തുടക്കമായി. പ്രധാന വേദിയായ കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സിനിമാതാരം മിയ ജോർജ് മേളയ്ക്കു തിരി തെളിച്ചു. സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാൻ അധ്യക്ഷനായി.
ജനറൽ കണ്‍വീനറും കാർമൽ സ്കൂൾ പ്രിൻസിപ്പലുമായ റവ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, കോണ്‍ഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സ് ജനറൽ സെക്രട്ടറി ജോജി പോൾ, കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സി.പി. കുഞ്ഞ് മുഹമ്മദ്, ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിളള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സ്കൂൾ മാനേജർ ഫാ. ജോസ് തോട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോസി ജോളി, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, പഞ്ചായത്തംഗം പി.എസ്. സുധാകരൻ, സി.എ. ഏബ്രഹാം തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാശ്ചാത്യസംഗീതത്തോടെയാണു മത്സരം ആരംഭിച്ചത്. നാല് കാറ്റഗറികളിലായി ഒന്നാം ദിവസമായ ഇന്നലെ തിരുവാതിരക്കളി, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, പദ്യംചൊല്ലൽ, പദ്യരചന, മിമിക്രി, രചന, സംഗീതോപകരണം തുടങ്ങിയ ഇനങ്ങളിലും മത്സരം പൂർത്തിയാക്കി. 1400 സ്കൂളുകളെ പ്രതിനിധീകരിച്ച് ഏഴായിരത്തോളം പ്രതിഭകൾ 21 വേദികളിലായി 144 ഇനങ്ങളിൽ മൂന്നുദിവസങ്ങളിൽ മത്സരിക്കും.