മത്സ്യത്തൊഴിലാളി സമരത്തെ തകർക്കാൻ സർക്കാർ നീക്കം: കെ.സുധാകരൻ
Thursday, December 1, 2022 1:10 AM IST
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിനു പിന്നിൽ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനപോരാട്ടത്തെ തകർക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
സംഘർഷത്തിനു പിന്നിൽ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അതു സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാധ്യമവാർത്തകളുണ്ട്. നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. അതു സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
തെളിവുകളുടെ അഭാവത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ ഒന്നാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ഭൂഷണമല്ല. പ്രശ്നപരിഹാരം കാണുന്നതിനു പകരം പ്രകോപന ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടും ഗുണകരമല്ല.
പ്രശ്നം വഷളാക്കുന്ന പ്രസ്താവനകളാണ് മന്ത്രിമാരും കെ.ടി.ജലീൽ എംഎൽഎയും നടത്തുന്നത്. വേലിതന്നെ വിളവു തിന്നുന്നതിനു തുല്യമാണിത്.
തീവ്ര ഹൈന്ദവ സംഘടനകളും വിഴിഞ്ഞം സംഘർഷത്തിന്റെ പേരിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ട്. സംഘർഷം നടന്ന് ഇത്രയും ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാത്തതും ചർച്ചയ്ക്ക് മുൻകൈയെടുക്കാത്തതും ദുരൂഹമാണെന്നും സുധാകരൻ പറഞ്ഞു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അട്ടിമറിക്കാൻ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് ലത്തീൻ അതിരൂപത തന്നെ ആരോപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സമരം പൊളിക്കാനും സംഘർഷം ഉണ്ടാക്കാനും ആസൂത്രിത ശ്രമം ഏതെങ്കിലും കേന്ദ്രത്തിൽ നിന്നുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.