ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സമ്മതിദാന സാക്ഷരത അനിവാര്യം: ഗവര്‍ണര്‍
Thursday, January 26, 2023 1:50 AM IST
തിരുവനന്തപുരം: ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സമ്മതിദാന സാക്ഷരത അനിവാര്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ദേശീയ സമ്മതിദാന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിഷ്കൃത സമൂഹത്തിന്റെ പ്രതിഫലനമാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യം അമൂല്യമാണെന്നും ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാന്‍ സമ്മതിദാനാവകാശം ശരിയാംവിധം വിനിയോഗിക്കണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.
പുതുതലമുറക്ക് തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാന്‍ കേരളത്തില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഒറ്റ വോട്ടര്‍ പട്ടികയിലൂടെ നിയമസഭ, ലോക്സഭ, തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സാധിക്കുന്ന രീതിയിലേക്ക് വോട്ടര്‍ പട്ടിക പരിഷ്കരിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് മുന്നോട്ടുവച്ചു.