സ്വര്‍ണനികുതി വെട്ടിപ്പ്: ധനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എം.പി. അഹമ്മദ്
Wednesday, February 1, 2023 12:42 AM IST
കോഴിക്കോട്: സ്വര്‍ണനികുതി വെട്ടിപ്പ് തടയാന്‍ ഇ-വേ ബില്‍ കര്‍ശനമാക്കുമെന്നും രേഖയില്ലാത്ത സ്വര്‍ണം കണ്ടെത്തിയാല്‍ പിടിച്ചെടുക്കുമെന്നുമുള്ള മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രസ്താവനയെ മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി .അഹമ്മദ് സ്വാഗതം ചെയ്തു.
നികുതി വെട്ടിപ്പ് സംസ്ഥാന-കേന്ദ്ര ഗവര്‍മെന്റുകള്‍ക്കു നികുതി നഷ്ടമുണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്, കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിക്കുന്ന മാഫിയ ഇതിനു ചുറ്റും വളര്‍ന്നുവരികയാണ്.
നികുതിവിധേയമായും സുതാര്യമായും വ്യാപാരം നടത്തുന്നവര്‍ക്കു വിപണിയില്‍ നികുതി വെട്ടിക്കുന്നവരുമായി മത്സരിക്കാന്‍ ഒരിക്കലും കഴിയില്ല. ന്യായമായി വ്യാപാരം നടത്തുന്നവര്‍ പിടിച്ചുനില്ക്കാന് പ്രയാസപ്പെടുകയാണ് എന്ന യാഥാര്‍ഥ്യംകൂടി സര്‍ക്കാര്‍ കണക്കിലെടുക്കണം.
ഇ-വേ ബില്‍ കര്‍ശനമാക്കുന്നതോടൊപ്പം മറ്റു പരിശോധനകളും ഊര്‍ജിതമാക്കണമെന്ന് എം.പി. അഹമ്മദ് ആവശ്യപ്പെട്ടു. നികുതിച്ചോര്‍ച്ച അടച്ചാല്‍ തന്നെ സംസ്ഥാനത്തിന്റെ തനതുവരുമാനം ഗണ്യമായി ഉയര്‍ത്താനും സാമ്പത്തിക പ്രയാസം ലഘൂകരിക്കാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.